Connect with us

Uncategorized

വിശ്വസ്തരെ കൈവിടാതെ മുഖ്യമന്ത്രി ” തള്ളിപ്പറച്ചിലിന് മറുപടി നൽകാൻ അൻവർ വൈകിട്ട് മാധ്യമങ്ങളെ കാണും

Published

on

തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎ യെ പൂർണമായി തള്ളിയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും എഡിജിപി എം.ആർ. അജിത്കുമാറിനെയും സംരക്ഷിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നേ മുക്കാൽ മണിക്കൂർ നീണ്ടു നിന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിവാദങ്ങൾക്ക് മറുപടി നൽകിയത്. പി.വി. അൻവർ എംഎൽഎ ആരോപണങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ തന്‍റെ ശ്രദ്ധയിലും എത്തിക്കാമായിരുന്നു. എന്നാൽ ആ നിലപാടല്ല അൻവർ സ്വീകരിച്ചത്. അൻവറിനെപ്പറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചിട്ടുണ്ട്. അതും അന്വേഷണസംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അൻവറിന്‍റേത് കമ്യൂണിസ്റ്റ് പശ്ചാത്തലമല്ല. കോൺഗ്രസിൽ നിന്ന് വന്നതാണ്. അൻവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിക്ക് മറുപടിയെന്നോണം ഇന്ന് വൈകിട്ട് വാർത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുമെന്ന് അൻവർ പറഞ്ഞു.

സിപിഎം സംസ്ഥാന സമിതി അംഗമായ പി. ശശി പാർട്ടി നിയോഗിച്ചതു പ്രകാരമാണ് തന്‍റെ ഓഫിസിൽ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്‍റേത് മാതൃകാപരമായ പ്രവർത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹത്തിനെതിരേ ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും അക്കാര്യത്തിൽ ആവശ്യമില്ല. കൊടുക്കുന്ന പരാതിക്ക് അതേ പടി നടപടി സ്വീകരിക്കാനല്ല അദ്ദേഹം അവിടെ ഇരിക്കുന്നത്. നിയമപ്രകാരം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട് ഒരു തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന പതിവ് ഇടതുപക്ഷത്തിനില്ലെന്നും പിണറായി പറഞ്ഞു.

Continue Reading