Uncategorized
പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്എ.ഡി.ജി.പിയോട് മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്?

തിരുവനന്തപുരം: പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂരില്‍ പോയി നിന്ന് എ.ഡി.ജി.പി പൂരം കലക്കിയത്. നിരവധി അന്വേഷണം നേരിടുന്ന ആളായിട്ടും അജിത് കുമാറിനെ എ.ഡി.ജി.പി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിരിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ അദ്ദേഹം ചെയ്തതിനാലാണെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂരില്‍ പോയി നിന്ന് എ.ഡി.ജി.പി പൂരം കലക്കിയത്. പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പെ കമ്മിഷണര്‍ തയാറാക്കിയ പദ്ധതി മാറ്റി, കലക്കാനുള്ള പുതിയ പദ്ധതി എ.ഡി.ജി.പി നല്‍കിയാണ് പൂരം കലക്കിയത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെയ്തത്. അല്ലെങ്കില്‍ മുഖ്യമന്ത്രി ഇതു പോലെ ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇപ്പോള്‍ എത്ര അന്വേഷണങ്ങളാണ് എ.ഡി.ജി.പിക്കെതിരെ നടക്കുന്നത്? ഭരണകക്ഷി എം.എല്‍.എ നല്‍കിയ പരാതിയിലും ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിലും പൂരം കലക്കിയതിലും അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുകയാണ്. ഇത്രയും അന്വേഷണം നേരിടുന്ന ആളെയാണ് എ.ഡി.ജി.പി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിരിക്കുന്നത്. എ.ഡി.ജി.പിയോട് മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്? കാരണം മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളൊക്കെയാണ് എ.ഡി.ജി.പി ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
നാല് പ്രധാനപ്പെട്ട അന്വേഷണങ്ങള്‍ നടക്കുമ്പോഴും എ.ഡി.ജി.പി അതേ സ്ഥാനത്ത് ഇരിക്കുകയാണ്. എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. പൂരം കലക്കാനും ആര്‍.എസ്.എസ് നേതാവിനെ കാണാനും എ.ഡി.ജി.പി പോയത് മുഖ്യമന്ത്രിയുടെ അറിവോടും ആവശ്യത്തോടും കൂടിയാണെന്നു വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.വി അന്‍വറുമായി ബന്ധപ്പെട്ട വിവാദം ഇടതു മുന്നണിയിലെ ആഭ്യന്തര പ്രശ്‌നമാണ്. അതേക്കുറിച്ച് ഒന്നും പറയുന്നില്ല. അന്‍വര്‍ 20 തവണ പത്രസമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പത്രസമ്മേളനം നടത്തരുതെന്ന് അഭ്യര്‍ഥിച്ചത്. അതിനു ശേഷവും അന്‍വര്‍ പത്രസമ്മേളനം നടത്തി. അത് എല്‍.ഡി.എഫിന്റെ ആഭ്യന്തര കാര്യമാണ്. എം.എല്‍.എയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മില്‍ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ട്. അവര്‍ക്കാണ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്. എ.ഡി.ജി.പിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രി ആരുടെ കൂടെയാണെന്നു വ്യക്തമായല്ലോയെന്നും വി.ഡി സതീശൻ ചോദിച്ചു.