Connect with us

Uncategorized

ഇത് വെറും രാഷ്ട്രീയക്കേസ്ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ കേരളം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി.

Published

on

ന്യൂഡല്‍ഹി: ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി. വെറും രാഷ്ട്രീയക്കേസാണ് ഇതെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി തള്ളിയത്.

മുപ്പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണിതെന്നും രാഷ്ട്രീയക്കേസിനോട് അനുകൂല സമീപനമല്ല തങ്ങള്‍ക്കുള്ളതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി, ഉന്നത രാഷ്ട്രീയനേതാവ് ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കേരളം ഇപ്പോള്‍ ഭരിക്കുന്നത് ആരാണ് എന്നായിരുന്നു സുപ്രീം കോടതിയുടെ മറുചോദ്യം.

വധശ്രമക്കേസിലെ ഗൂഢാലോചന നടന്നത് തിരുവനന്തപുരത്ത് വെച്ചാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ്. നാഗമുത്തുവും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ചൂണ്ടിക്കാട്ടി. ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. അതിനാല്‍ വധശ്രമക്കേസ് ആന്ധ്രയിലെ കോടതി കേട്ടുവെങ്കിലും, വധശ്രമക്കേസിലെ ഗൂഢാലോചന പരിഗണിക്കേണ്ടത് കേരളത്തിലെ കോടതി ആണെന്നും ഇരുവരും വാദിച്ചു.

എന്നാല്‍ കേസിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി ഈ ആവശ്യം കോടതി നിരാകരിച്ചു. ചില വിധിന്യായങ്ങള്‍ കോടതി പരിഗണിക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തു ചൂണ്ടിക്കാട്ടിയപ്പോള്‍, ആ വിധി ന്യായങ്ങള്‍ എല്ലാം മറ്റൊരു അവസരത്തില്‍ പരിഗണിക്കാം എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

Continue Reading