Connect with us

Uncategorized

വീണയുടെ യാത്രയുടെയും താമസത്തിന്റെയും ചെലവുകൾ വഹിച്ചത് സിഎംആർഎൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളുണ്ടെന്ന് വിവരം. വീണയുടെ യാത്രയുടെയും താമസത്തിന്റെയും ചെലവുകൾ വഹിച്ചത് സിഎംആർഎൽ ആണെന്നാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണാ വിജയനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ തേടി.

വീണയുടെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാസപ്പടിക്ക് പുറമേ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സിഎംആർഎല്ലുമായുള്ള മറ്റ് ഇടപാടുകളിലെ വിവരങ്ങളും തേടിയത്. വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) വിവരശേഖരണം പൂർത്തിയായി.കഴിഞ്ഞ ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിനായി ചെന്നൈയിൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറായ എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദ് മുമ്പാകെ വീണ ഹാജരായത്. കേസെടുത്ത് 10 മാസത്തിനുശേഷമാണ് നടപടി. ഇതോടെ എഡിജിപി വിവാദത്തിൽ പ്രതിപക്ഷ ആക്രമണം നേരിടുന്ന മുഖ്യമന്ത്രി, കൂടുതൽ പ്രതിരോധത്തിലായി. മൂന്ന് ഉപതിരഞ്ഞെപ്പുകൾ അടുത്തിരിക്കെ, പ്രതിപക്ഷത്തിന് മൂർച്ചയുള്ള ആയുധമായി. ഇന്നും നാളെയും നിയമസഭാസമ്മേളനത്തിലും പ്രതിപക്ഷം ഇത് ആയുധമാക്കും.

ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്നാണ് കേസ്. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ എസ്‌എഫ്‌ഐഒയുടെ അന്വേഷണം തടയാൻ വീണ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.സിഎംആർഎല്ലിൽ പങ്കാളിത്തമുള്ള സർക്കാർ സ്ഥാപനമായ കെഎസ്‌ഐഡിസിയുടെ ചീഫ് ഫിനാൻസ് ഓഫിസർ കെ അരവിന്ദാക്ഷന്റെ മൊഴി ഒക്ടോബർ മൂന്നിന് എസ്എഫ്ഐഒ രേഖപ്പെടുത്തിയിരുന്നു. ഏതാനും സാമ്പത്തികവർഷങ്ങളിലെ റിപ്പോർട്ടുകൾ അടക്കമുള്ള രേഖകളും അദ്ദേഹം ഹാജരാക്കിയിരുന്നു. ഈ രേഖകളുടെ കൂടി പിൻബലത്തിലാണ് വീണയുടെ മൊഴിയെടുത്തത്.
ജനുവരിയിലാണ് വീണയുടെ കമ്പനിയുടെ ദൂരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള എസ്‌എഫ്‌‌ഐഒയെ ചുമതലപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇഡിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.

Continue Reading