Uncategorized
ഇടതുപക്ഷക്കാര്‍ ഷാഫി പറമ്പിലിന് വോട്ടുചെയ്തുവെന്ന സരിന്റെ അഭിപ്രായം ശരിയെന്ന് എ.കെ.ബാലന്‍.

പാലക്കാട്ട്: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാര്‍ ഷാഫി പറമ്പിലിന് വോട്ടുചെയ്തുവെന്ന പി.സരിന്റെ അഭിപ്രായം ശരിയെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍. സരിന്‍ പറഞ്ഞതില്‍ ഒരു അപകടവുമില്ല. സി.പി.എമ്മിന്റെയോ എല്‍.ഡി.എഫ്. ഘടകകക്ഷികളുടേതോ അല്ലാത്ത ഒരു വിഭാഗം വോട്ട് ഞങ്ങള്‍ക്കുണ്ട്. ആ വോട്ടിന്റെ ഒരുഭാഗം കോണ്‍ഗ്രസിലേക്ക് പോയി. ബി.ജെ.പി. ജയിക്കാന്‍ പാടില്ല എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയുണ്ടായതെന്നും എ.കെ. ബാലന്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി. ഇപ്പോള്‍ മുന്നാം സ്ഥാനത്ത് പോലുമില്ല. വേറെ ആരെങ്കിലുമുണ്ടെങ്കില്‍ അവരായിരിക്കും മൂന്നാമത് എത്തുക. ഇവിടെ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. യു.ഡി.എഫില്‍ നിന്നുകൊണ്ട് എല്‍.ഡി.എഫിനും സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഏതെല്ലാം തരത്തിലുള്ള തുറുപ്പുചീട്ടുകള്‍ ഇറക്കിയിട്ടുണ്ടോ അതിന് ആരൊക്കെയാണോ കാരണക്കാര്‍ അവരെക്കൊണ്ടുതന്നെ തിരിച്ചുപറയിപ്പിക്കും. അതിനുള്ള അവസരങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കുമെന്ന് എ.കെ.ബാലന്‍ പറഞ്ഞു.
സരിനെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എല്‍.ഡി.എഫിന് ചരിത്ര വിജയമാണ് പാലക്കാട് ഉണ്ടാകാന്‍ പോകുന്നത്. രണ്ട് കാരണങ്ങള്‍ ഉയര്‍ത്തിയാണ് പി.സരിൻ കോണ്‍ഗ്രസ് വിട്ടത്. അതില്‍ പ്രധാനപ്പെട്ടത് സംഘടനാപരമാണ്. മറ്റൊന്ന് രാഷ്ട്രീയവുമാണ്. സംഘടനാപരമെന്ന് അദ്ദേഹം ഉദേശിച്ചത് കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമില്ല എന്നുള്ളതാണ്. ചില നേതാക്കളെ ചാരിനിന്നാല്‍ മാത്രമേ പ്രെമോഷന്‍ ഉള്ളൂവെന്നാണ്.
കേരളത്തില്‍ 51 ശതമാനം വോട്ടിന്റെ അംഗീകാരമുള്ള പാര്‍ട്ടിയൊന്നുമല്ല സി.പി.എം. എല്‍.ഡി.എഫിന്റെ ഘടകകക്ഷികളുടെ വോട്ടുകൊണ്ടും സി.പി.എം. വോട്ടുകള്‍ കൊണ്ടും മാത്രം ഞങ്ങള്‍ ജയിക്കാന്‍ പോകുന്നില്ല. അല്ലാത്ത ഒരു വിഭാഗം വോട്ടുകള്‍ ഞങ്ങള്‍ക്കുണ്ട്. അതില്‍ ഒരുഭാഗം വോട്ട് കോണ്‍ഗ്രസിലേക്ക് പോയി. കാരണം അപ്പുറത്ത് ബി.ജെ.പി. ജയിക്കാന്‍ പാടില്ല എന്നുള്ളതുകൊണ്ട്. അതാണ് സരിന്‍ പറഞ്ഞത് അത് നൂറ് ശതമാനം ശരിയാണ്.
ഫാസിസ്റ്റ് ശക്തികള്‍ അപ്പുറം വരുന്നതിനെക്കാള്‍ നല്ലത് കോണ്‍ഗ്രസ് വിജയിക്കുന്നതാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാരിലൂടെ കുറച്ചുവോട്ട് അപ്പുറത്ത് പോയിട്ടുണ്ട്. പക്ഷെ, 18000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസ് 3800-ലേക്ക് എങ്ങനെ താണു. ആ വോട്ടുകള്‍ എവിടെ പോയി അതിനല്ലേ കോണ്‍ഗ്രസ് മറുപടി പറയേണ്ടതെന്നും ബാലൻ ചോദിച്ചു.