Uncategorized
ഡൽഹി നിയമസഭയിൽനിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി

ന്യൂഡൽഹി: ഡൽഹി നിയമസഭയിൽനിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി. സ്പീക്കർ രാം നിവാസ് ഗോയൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷുകാർ നിർമിച്ചതെന്ന് കരുതുന്ന തുരങ്കമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളെ പിടിച്ചുകൊണ്ടുപോകാനാണ് ബ്രിട്ടീഷുകാർ തുരങ്കം ഉപയോഗിച്ചതെന്നു പറയുന്നു.
ചെങ്കോട്ടവരെ നീളുന്ന തുരങ്കത്തെക്കുറിച്ച് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 1993 ൽ എംഎൽഎ ആയപ്പോൾ അതിന്റെ ചരിത്രം പരിശോധിക്കാൻ ശ്രമിച്ചു. എന്നാൽ ഇതു സംബന്ധിച്ച് വ്യക്തയുണ്ടായിരുന്നില്ല- രാം നിവാസ് ഗോയൽ പറയുന്നു. ഇപ്പോൾ തുരങ്കത്തിന്റെ കവാടം കണ്ടെത്തി. എന്നാൽ കൂടുതൽ ഉള്ളിലേക്ക് തെളിച്ചെടുക്കാൻ ശ്രമിക്കുന്നില്ല കാരണം മെട്രോ പദ്ധതികളും ഓടകളും മൂലം പല സ്ഥലത്തും തുരങ്കം തകർന്ന നിലയിലാണ്- ഗോയൽ ചൂണ്ടിക്കാട്ടി.
1912 -ൽ ബ്രിട്ടീഷുകാർ കോൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയ ശേഷം ഇത് നിയമസഭയായി ഉപയോഗിച്ചു. പിന്നീട് 1926 -ൽ നിയമസഭയെ കോടതിയായി മാറ്റി. സ്വാതന്ത്ര്യസമര സേനാനികളെ കോടതിയിൽ കൊണ്ടുവരാൻ ഈ തുരങ്കമാണ് ഉപയോഗിച്ചിരുന്നതെന്നും ഗോയൽ ചൂണ്ടിക്കാട്ടി.വിനോദസഞ്ചാരികൾക്കായി ഈ ചരിത്ര സ്ഥലത്തെ നവീകരിച്ച് തുറന്ന് കൊടുക്കാൻ ഉദ്ദേശിക്കുന്നതായും സ്പീക്കർ പറഞ്ഞു.