Crime
പെരിയ കൊലക്കേസിലെ പ്രതിക്ക് ജയിലിൽ സുഖചികിത്സ. കണ്ണൂർ ജയിൽ സൂപ്രണ്ടിനോടു നാളെ നേരിട്ടു ഹാജരാകാൻ സി.ബി.ഐ കോടതി

കൊച്ചി : പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരനു കോടതി അനുമതി ഇല്ലാതെ ജയിലിൽ സുഖചികിത്സ നൽകിയെന്ന റിപ്പോർട്ടിൽ കണ്ണൂർ ജയിൽ സൂപ്രണ്ടിനു കോടതി നോട്ടിസ്. സിബിഐ കോടതിയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ജയിൽ സൂപ്രണ്ടിനോടു നാളെ നേരിട്ടു ഹാജരാകാനാണ് നിർദേശം.ജയിലിൽ കല്യോട്ട് ഏച്ചിലടുക്കത്തെ പീതാംബരൻ എന്ന പ്രതിക്ക് 40 ദിവസത്തെ ആയുർവേദ ചികിത്സ നൽകിയെന്നാണ് ആരോപണം.
പെരിയയിൽ 2019 ഫെബ്രുവരി 17നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിൽ ആദ്യം തന്നെ പ്രതി ചേർക്കപ്പെട്ടയാളാണ് പീതാംബരൻ. ഇയാൾ ഉൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.കേരള പൊലീസ് അന്വേഷിച്ച കേസിൽ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‍ലാലിന്റെയും മാതാപിതാക്കൾ നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.