NATIONAL
അയോധ്യക്ഷേത്ര ഭരണസമിതിയിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലും ഹിന്ദു വിശ്വാസികളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് കെ.സി. വേണുഗോപാല്‍വഖഫ് ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം.

ന്യൂഡല്‍ഹി: കേന്ദ്ര വഖഫ് കൗണ്‍സിലന്റെയും സംസ്ഥാന ബോര്‍ഡുകളുടേയും അധികാരങ്ങള്‍ കുറച്ചുകൊണ്ട് സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന വഖഫ് ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്ത് പ്രതിപക്ഷം. വഖഫ് ബോര്‍ഡുകളില്‍ മുസ്‌ലിം ഇതരരെ ഉള്‍പ്പെടുത്തുന്നത് ചൂണ്ടിക്കാട്ടി, അയോധ്യക്ഷേത്ര ഭരണസമിതിയിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലും ഹിന്ദു വിശ്വാസികളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് കെ.സി. വേണുഗോപാല്‍ എം.പി ചോദിച്ചു. ബില്‍ ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണെന്നും വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ പഠിപ്പിച്ച പാഠം നിങ്ങള്‍ തിരിച്ചറിഞ്ഞില്ല. ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണിത്. മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍.
ആരാധനാ സ്വാതന്ത്യത്തിന് നേരെയുള്ള കയ്യേറ്റമാണിത്. അടുത്തതായി നിങ്ങള്‍ ക്രിസ്ത്യാനികള്‍ക്കും ജെയിനന്മാര്‍ക്ക് പിന്നാലേയും പോകുമെന്നും ഇത്തരം ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ഇന്ത്യയിലെ ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടിയാലോചനകളില്ലാതെ അജന്‍ഡകള്‍ നടപ്പാക്കരുതെന്നും ഒന്നുകില്‍ ബില്‍ പിന്‍വലിക്കണം അല്ലെങ്കില്‍ സ്ഥിരം സമിതിക്ക് വിടണമെന്നും എന്‍.സി.പി. എം.പി. സുപ്രിയ സുലെ ആവശ്യപ്പെട്ടു.ബില്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡി.എം.കെ. എം.പി. കനിമൊഴി പറഞ്ഞു. ഭരണഘടനയുടെ 30-ാം വകുപ്പിന്റെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വഖഫ് കൗണ്‍സിന്റേയും ബോര്‍ഡിന്റേയും അധികാരങ്ങള്‍ ഇല്ലാതാക്കുകയാണ്. വ്യവസ്ഥിതിയെ തകര്‍ക്കാനുള്ള ശ്രമമാണിത്. ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണ് നീക്കം. ജുഡീഷ്യല്‍ പരിശോധന നടന്നുകഴിഞ്ഞാല്‍, ബില്‍ പൂര്‍ണ്ണമായും റദ്ദാക്കപ്പെടുമെന്നും ആര്‍.എസ്.പി. അംഗം എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.എസ്.പിക്കുവേണ്ടി അഖിലേഷ് യാദവും എ.ഐ.എം.ഐ.എമ്മിന് വേണ്ടി അസദുദ്ദീന്‍ ഒവൈസിയും ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇവരുവരും ബില്ലിനെ എതിര്‍ത്തു. സുതാര്യതയ്ക്കുവേണ്ടിയാണ് ബില്‍ കൊണ്ടുവരുന്നതെന്ന് ജെ.ഡി.യു. എം.പിയും കേന്ദ്രമന്ത്രിയുമായ ലല്ലന്‍ സിങ് പറഞ്ഞു.