International
സുനിതയും ബുച്ചും ചൊവ്വാഴ്ച ഭൂമിയിലേക്ക്; എല്ലുകളുടെയും മസിലുകളുടെയും ശക്തി ക്ഷയിക്കും:തലച്ചോറിന്‍റെ പ്രവർത്തനത്തെയും ബാധിക്കും.

ന്യൂഡൽഹി: സുനിതയും ബുച്ചും ചൊവ്വാഴ്ച ഭൂമിയിലേക്ക്; പിച്ച വച്ച് പഠിക്കേണ്ടി വരും, എല്ലുകൾ ഒടിയാനും സാധ്യത
പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ബഹിരാകാശത്ത് തുടർന്നതിനാൽ ഇരുവർക്കും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.
ഒമ്പത് മാസം നീണ്ടു നിന്ന ബഹിരാകാശ വാസത്തിനൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ ഭൂമിയിലേക്ക്. മാർച്ച് 18 ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ ഇരുവരും ഭൂമിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്ന് നാസ പറയുന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ബഹിരാകാശത്ത് തുടർന്നതിനാൽ ഇരുവർക്കും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. മസിലുകൾ ദുർബലമാകുക, എല്ലുകളുടെ ബലം കുറയുക, തലകറക്കം, നടക്കാൻ ആവാത്ത വിധമുള്ള ബേബി ഫീറ്റ് എന്ന അസുഖം എന്നിവയാണ് ഇവരെ കാത്തിരിക്കുന്നത്. ഭൂമിയിൽ വീണ്ടും ജീവിച്ചു തുടങ്ങാൻ ഒരുപാട് പ്രതിസന്ധികൾ ഉണ്ടാകുമെന്ന് ചുരുക്കം.
ബേബി ഫീറ്റ് സിൻഡ്രോം
ബഹിരാകാശ യാത്രികരിൽ സാധാരണയായി കാണപ്പെടുന്ന അവസ്ഥയാണ് ബേബി ഫീറ്റ് സിൻഡ്രോം. ഭൂമിയിൽ തിരിച്ചെത്തിയാൽ നടക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണിത്. ബഹിരാകാശ പേടകത്തിലായിരിക്കുമ്പോൾ യാത്രികർ ഒരിക്കലും നടക്കുന്നില്ല. പകരം അന്തരീക്ഷത്തിലൂടെ ഒഴുകുകയാണ്. അതു കൊണ്ട് തന്നെ കാലിന് യാതൊരു വിധത്തിലുള്ള സമ്മർദവും അനുഭവപ്പെടുകയുമില്ല. പതിയെ കാൽപ്പാദത്തിലെ ചർമം കുഞ്ഞുങ്ങളുടേത് പോൽ മൃദുവായി മാറും. അതു കൊണ്ട് തന്നെ ഭൂമിയിൽ തിരിച്ചെത്തുമ്പോൾ നടക്കുന്നത് ഇവർക്ക് ഏറെ പ്രയാസമേറിയ കാര്യമായി മാറും. പലപ്പോഴും ആഴ്ചകളോ മാസങ്ങളോ എടുത്താണ് ഈ അവസ്ഥയിൽ നിന്ന് കരകയറാൻ കഴിയുക.
എല്ലുകളുടെയും മസിലുകളുടെയും ശക്തി ക്ഷയിക്കും
ബഹിരാകാശത്ത് മൈക്രോഗ്രാവിറ്റിയിൽ കഴിയുന്നതിനാൽ ശരീരം ബോൺ ടിഷ്യൂസ് സാധാരണ നിലയിൽ ഉത്പാദിപ്പിക്കില്ല. അതു കൊണ്ടു തന്നെ ബോൺ ഡെൻസിറ്റി കുറയും. ബഹിരാകാശത്ത് ഒരു മാസം ചെലവഴിച്ചാൽ ബോൺ ഡെൻസിറ്റി ഒരു ശതമാനം കുറയുമെന്നാണ് നാസ പറയുന്നത്. അതു വഴി എല്ലുകൾക്ക് ബലമില്ലാതായി മാറും. ഭൂമിയിൽ എത്തി സാധാരണ ജീവിതത്തിലേക്ക് കടക്കുന്നതോടെ എല്ലുകൾ ഒടിയാൻ ഉള്ള സാധ്യത കൂടും. മാസങ്ങളോളം നീണ്ട പരിശീലനത്തിലൂടെയും കാൽഷ്യം സപ്ലിമെന്‍റ് എടുക്കുന്നതിലൂടെയും മാത്രമേ ഈ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ.
ഹൃദയത്തിനും തലച്ചോറിനും പ്രശ്നങ്ങൾ
ദീർഘകാലം ബഹിരാകാശത്ത് ചെലവഴിക്കുന്നത് കാർഡിയോവാസ്കുലാർ സിസ്റ്റത്തെയും തലച്ചോറിന്‍റെ പ്രവർത്തനത്തെയും ബാധിക്കും. ഗുരുത്വാകർഷണമില്ലാത്തതിനാൽ ശരീരത്തിലെ ഫ്ലൂയിഡുകളെല്ലാം തലയിലേക്ക് എത്തും. ഇതുമൂലം തലയോട്ടിയുടെ സമ്മർദം വർധിക്കും. അത് തലച്ചോറിന്‍റെയും കണ്ണുകളുടെയും പ്രവർത്തനത്തെ ബാധിക്കും. മൈക്രോഗ്രാവിറ്റിയിലുള്ള താമസം ഹൃദത്തിലെ പേശികളെയും ബാധിക്കും. ഭൂമിയിലേക്ക് എത്തുമ്പോൾ തലകറക്കം,ഛർദി എന്നിവയെല്ലാം ഉണ്ടാകാൻ കാരണവും ഇതാണ്.
റേഡിയേഷൻ
ബഹിരാകാശത്ത് ഉയർന്ന തോതിൽ കോസ്മിക് റേഡിയേഷനാണ യാത്രികരെ ബാധിക്കുന്നത്. അതു മൂലം ക്യാൻസർ, ന്യൂറോളജിക്കൽ അസുഖങ്ങൾ എന്നിവയും ബാധിക്കാൻ ഇടയുണ്ട്.