Connect with us

NATIONAL

പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമെന്ന് കോടതി

Published

on

ലഖ്നൗ: പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലിക അവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഒരു മുസ്ലിം പുരുഷനെതിരെ ഭാര്യയുടെ മാതാപിതാക്കൾ നൽകിയ കേസ് തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. വിവാഹത്തിന് മുമ്പായി ഭാര്യ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

‘വ്യക്തിപരമായ ബന്ധത്തിൽ ഇടപെടുന്നത് വ്യക്തികൾക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് നേരെയുള്ള ഗുരതരമായ കടന്നുകയറ്റമായിരിക്കും.’ രണ്ടംഗ ബെഞ്ച് വിധിന്യായത്തിൽ നിരീക്ഷിച്ചു. ലൗ ജിഹാദ് സംബന്ധിച്ച് ദേശീയ തലത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഈ വിധി പ്രധാനമാണ്.

‘പ്രിയങ്ക ഖർവാറിനേയും സലാമത്ത് അൻസാരിയേയും ഹിന്ദുവും മുസ്ലിമും ആയിട്ടല്ല ഞങ്ങൾ കാണുന്നത്. സ്വന്തം ഇഷ്ടത്തോടെ സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ അവകാശമുള്ള രണ്ടു മുതിർന്ന വ്യക്തികളെന്ന നിലയിലാണ് അവരെ കാണുന്നത്. ഒരു വർഷത്തിലേറെയായി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഉറപ്പുനൽകുന്ന ഒരു വ്യക്തിയുടെ ജീവിതവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാൻ കോടതികൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും നിർദേശമുണ്ട്.’ അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

ഉത്തർപ്രദേശിലെ കുശിനഗർ സ്വദേശിയായ സലാമത്ത് അൻസാരി ഒരു വർഷം മുമ്പാണ് പ്രിയങ്ക ഖൻവാറിനെ വിവാഹം ചെയ്തത്. പ്രിയങ്കയുടെ മാതാപിതാക്കൾ ഇതിനെ അനുകൂലിച്ചിരുന്നില്ല. വിവാഹത്തിന് മുമ്പായി പ്രിയങ്ക ഇസ്ലാം മതം സ്വീകരിക്കുകയും ആലിയ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു.

വിവാഹത്തിന് പിന്നാലെ പ്രിയങ്കയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ സലാമത്ത് അൻസാരിക്കെതിരെ കേസെടുത്തു. തട്ടികൊണ്ടുപോകൽ, നിർബന്ധിപ്പിച്ച് വിവാഹം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് സലാമത്തിനെതിരെ ചുമത്തിയിരുന്നത്. മകൾക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന മാതാപിതാക്കളുടെ ആരോപണത്തിൽ പോക്സോ പ്രകാരമായിരുന്നു കേസ്.

തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സലാമത്ത് അൻസാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹത്തെ എതിർത്തുകൊണ്ട് യു.പി. സർക്കാറിന്റെയും മാതാപിതാക്കളുടേയും അവകാശവാദങ്ങൾ തള്ളി കൊണ്ടാണ് സലാമത്ത് അൻസാരിക്കെതിരെയുള്ള കേസ് റദ്ദാക്കാൻ ഹൈക്കോടതി വിധിച്ചത്.

ജഡ്ജിമാരായ വിവേക് അഗവർവാൾ, പങ്കജ് നഖ്വി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് മുമ്പു വന്ന സമാനമായ കേസുകളിലെ ഉത്തരവുകൾ സംബന്ധിച്ചും രണ്ടംഗ ബെഞ്ച് ശക്തമായ നിരീക്ഷണം നടത്തുകയുണ്ടായി.

Continue Reading