Connect with us

International

സ്വർണ്ണ കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദും റബിൻസും ദുബായിൽ പിടിയിൽ

Published

on



ന്യൂഡല്‍ഹി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ തൃശൂര്‍ സ്വദേശി ഫൈസൽ ഫരീദും റബിന്‍സും ദുബായിയില്‍ അറസ്റ്റില്‍. യുഎഇ ഭരണകൂടം അറസ്റ്റ് ചെയ്തതായി എന്‍ഐഎയാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ ആറ് പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടിസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

വ്യാജ രേഖകളുടെ നിര്‍മാണം, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. ദുബായ് റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസല്‍. 

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പുറത്തുവരികയും ഫൈസലിലേക്ക് അന്വേഷണം നീളുകയും ചെയ്തതിന് പിന്നാലെ ഫൈസല്‍ ഫരീദ് ഇതെല്ലാം മാധ്യമങ്ങള്‍ മുമ്പാകെ നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് മുഖ്യപങ്കുള്ളതായി തെളിഞ്ഞതോടെ ഫൈസല്‍ ഒളിവില്‍ പോവുകയും, എന്‍ഐഎ ഇയാള്‍ക്കായി കര്‍ശ്ശന നടപടി കൈക്കൊള്ളുകയുമായിരുന്നു. ഇയാളുടെ തൃശൂരിലെ വീട്ടിലും അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നു. 

സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി ചേര്‍ന്ന് ദുബായ് കരാമയില്‍ ഫൈസല്‍ ബിസിനസ് ചെയ്തിരുന്നു. കൊമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷനലില്‍ റിക്കവറി സെക്ഷനില്‍ ജോലി ചെയ്തിരുന്ന സരിത്തുമായി സൗഹൃദത്തിലായെന്നും അങ്ങനെ ഒരുമിച്ചു സംരംഭം തുടങ്ങിയെന്നുമാണു സൂചന. ഇതാണ് സ്വര്‍ണക്കടത്തിലേക്ക് ഇരുവരേയും അടുപ്പിച്ചത്. നാല് മലയാള സിനിമകളില്‍ ഫൈസല്‍ പണം മുടക്കിയതായി വിവരം പുറത്തുവന്നിരുന്നു. തെലുങ്ക് ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്തിട്ടുണ്ട്. ഇവയില്‍ ഒന്നിലും പേര് വെയ്ക്കാതെയാണ് െൈഫസല്‍ പണം മുടക്കിയത്. 

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചിരുന്നത് മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ആണ്. ഇയാള്‍ നേരത്തെ തന്നെ കസ്റ്റംസ് നിരീക്ഷണത്തിലായിരുന്നു. ദുബായില്‍ ഇയാള്‍ക്കു ഹവാല ഇടപാടുകളുള്ളതായും കേരളത്തിലേക്കു കടത്തിയ സ്വര്‍ണം വിറ്റഴിക്കുന്നതില്‍ പങ്കുള്ളതായും വിവരം ലഭിച്ചിരുന്നു. 

Continue Reading