International
പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുകയെന്നതിനാണ് മുന്‍ഗണനയെന്നു നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടന്‍: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുകയെന്നതിനാണ് ഏറ്റവും മുന്‍ഗണനയെന്നും നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. യു.കെ മഹത്തായ രാജ്യമാണ്. നമുക്കിപ്പോള്‍ സ്ഥിരതയും ഐക്യവുമാണ് ആവശ്യമെന്നും സുനക് പറഞ്ഞു. ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു സുനക്.
രാജ്യത്തേയും പാര്‍ട്ടിയേയും ഒരുമിച്ച് കൊണ്ടുപോവുകയെന്നത് മാത്രമാണ് വെല്ലുവിളികള്‍ മറികടക്കാനുള്ള ഏക വഴി. നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കുമായി നല്ലഭാവി കെട്ടിപ്പെടുക്കണം. രാജ്യത്തെ സമഗ്രതയോടെയും വിനയത്തോടെയും സേവിക്കുമെന്നും സുനക് പറഞ്ഞു.
193 എംപിമാരുടെ പരസ്യ പിന്തുണ ഉറപ്പാക്കിയാണ് ഋഷി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്. ബോറിസ് ജോണ്‍സന് പിന്‍ഗാമിയായെത്തിയ ലിസ് ട്രസ് ചുമതലയേറ്റ് 45ാം ദിവസം രാജിവെച്ചതോടെയാണ് പ്രധാനമനമന്ത്രി പദത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വത്തിന് സുനക്കിന് വീണ്ടും അവസരമൊരുങ്ങിയത്.
പാര്‍ലമെന്റില്‍ 357 അംഗങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ഇവരില്‍ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാനാര്‍ഥിക്കേ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനാകൂ. 193 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ ഋഷിയ്ക്കുള്ളത്. 26 എം.പിമാരുടെ പിന്തുണ മാത്രമാണ് പെന്നിക്ക് ലഭിച്ചത്. 58 എം.പിമാര്‍ പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഞായറാഴ്ച പറഞ്ഞിരുന്നു.